---
title: "തലശേരി ജനറൽ ആശുപത്രിയിൽ എക്സറേ പ്രിൻറർ തകരാറായിട്ട് രണ്ടാഴ്ച ; രോഗികൾക്ക് പ്രിൻ്റ് നൽകുന്നത് മൊബൈലിൽ"
english_title: "Two weeks after the x-ray printer malfunctioned in Thalassery General Hospital; Providing print to patients on mobile"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111366/Two weeks after the x-ray printer malfunctioned in Thalassery General Hospital; Providing print to patients on mobile"
published_at: "2023-04-27T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a9c1cd7257_IMG-20230427-WA0108.jpg"
keywords: []
---

# തലശേരി ജനറൽ ആശുപത്രിയിൽ എക്സറേ പ്രിൻറർ തകരാറായിട്ട് രണ്ടാഴ്ച ; രോഗികൾക്ക് പ്രിൻ്റ് നൽകുന്നത് മൊബൈലിൽ

> **Lead Summary:** തലശേരി : തലശേരി ജനറൽ ആശുപത്രിയിൽ എക്സറേ പ്രിൻറർ തകരാറായിട്ട് രണ്ടാഴ്ച. രോഗികൾക്ക് പ്രിൻ്റ് നൽകുന്നത് മൊബൈലിൽ ആരോഗ്യ രംഗത്ത് നമ്പർ വൺ ആണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും സ്പീക്കറുടെ മണ്ഡലമായ തലശേരിയിൽ കാര്യങ്ങൾ അങ്ങനയല്ല.

## Article Content

തലശേരി : തലശേരി ജനറൽ ആശുപത്രിയിൽ എക്സറേ പ്രിൻറർ തകരാറായിട്ട് രണ്ടാഴ്ച. രോഗികൾക്ക് പ്രിൻ്റ് നൽകുന്നത് മൊബൈലിൽ ആരോഗ്യ രംഗത്ത് നമ്പർ വൺ ആണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും സ്പീക്കറുടെ മണ്ഡലമായ തലശേരിയിൽ കാര്യങ്ങൾ അങ്ങനയല്ല.

ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന തലശേരി ജനറൽ ആശുപത്രിയിലെ എക്സ്റേ പ്രിൻ്റർ തകരാറിലായിട്ട് രണ്ടാഴ്ചയായിട്ടും നന്നാക്കാനായിട്ടില്ല. പ്രിൻ്റർ തകരാറിലായതോടെ മൊബൈൽ ഫോണിലാണ് ഇമേജ് രോഗികൾക്ക് ലഭിക്കുന്നത്. ഇതോടെ ഓർത്തോ വിഭാഗത്തിലെത്തുന്ന രോഗികൾ നല്ല മൊബൈൽ ഫോൺ കൂടി കരുതേണ്ട അവസ്ഥയാണ്.

ഓർത്തോ വിഭാഗത്തിൽ രോഗികൾ കൂടുതൽ ആശ്രയിക്കുന്ന എക്സ് റേ വിഭാഗത്തിലാണ് പ്രിൻ്റർ കേടായത്. ഇതേ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി എക്സ്റേ നിർദ്ദേശിക്കപ്പെടുന്ന രോഗികൾക്ക് അവയവങ്ങളുടെ പ്രിൻ്റ്ഫിലിം നൽകുന്നില്ല. പകരം ഇമേജ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി നൽകുകയാണ് ചെയ്യുന്നത്‌.

ഇതുപയോഗിച്ചും നിരീക്ഷിച്ചുമുള്ള എല്ലുകളുടെ സ്ഥാനനിർണയം സൂക്ഷ്മമാവുമോ എന്ന ആശങ്ക രോഗികൾക്കും ഒപ്പം ഡോക്ടർമാരിലും ഉണ്ടാവാറുണ്ട്. സ്വന്തമായി ആധുനിക മൊബൈൽ ഫോൺ ഇല്ലാത്ത രോഗികൾ വലയുകയും ചെയ്യുകയാണ്. ചില ഘട്ടത്തിൽ രോഗികളെ പുറത്തേക്കും പറഞ്ഞു വിടുന്നതായി വിവരമുണ്ട്.

ഇന്നലെ ഉച്ചയോടെ ജോലിക്കിടയിൽ വലതുകാൽപാദം കട്ടിംഗ് മിഷ്യനിൽ കുടുങ്ങി ആഴത്തിൽ മുറിവേറ്റ പുന്നോലിലെ ഇലക്ട്രീഷ്യൻ പ്രദിപനും ജനറൽ ആശുപത്രിയിൽ നിന്ന് ഇതേ അനുഭവമുണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്. എക്സ്റേ എടുത്ത ഇദ്ദേഹത്തിനും ലഭിച്ചത് കാൽപാദത്തിൻ്റെ ഫോൺ ഇമേജായിരുന്നു. വിവരമറിഞ്ഞ് മാധ്യമ പ്രവർത്തകർ എത്തിയപ്പോൾ ഏറണാകുളത്ത് നിന്നും പ്രിൻറർ ഉടൻ എത്തുമെന്ന് പറഞ്ഞ് അധികാരികൾ കൈയൊഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111366/Two weeks after the x-ray printer malfunctioned in Thalassery General Hospital; Providing print to patients on mobile)